കണ്ണൂർ: കോൺഗ്രസിൽനിന്നു കണ്ണൂർ മണ്ഡലം പിടിച്ചെടുത്ത കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിലൂടെ മൂന്നാമതും മണ്ഡലം നിലനിർത്താൻ എൽഡിഎഫ് തീരുമാനം. അതേ സമയം രണ്ടു തവണയായി നഷ്ടപ്പെട്ട മണ്ഡലം എന്തു വില കൊടുത്തും ഇക്കുറി പിടിക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിനായി കോൺഗ്രസ് കരുത്തരെ തന്നെ കളത്തിലിറക്കും.
കണ്ണൂർ കോർപറേഷനും മുണ്ടേരി പഞ്ചായത്തുമുൾപ്പടുന്ന കണ്ണൂർ മണ്ഡലം പൊതുവേ യുഡിഎഫ് അനുകൂലമാണെങ്കിലും കടന്നപ്പള്ളിയുടെ വ്യക്തിപ്രഭാവമാണ് എൽഡിഎഫിനെ വിജയത്തിന്റെ പിന്നിലെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കരുത്തനെ തന്നെ കളത്തിലിറക്കാനാണ് തീരുമാനം.
കോൺഗ്രസ്-എസിൽനിന്ന് മണ്ഡലം ഏറ്റെടുക്കാൻ സിപിഎം ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സിപിഎം സ്ഥാനാർഥിക്ക് കടന്നപ്പള്ളിയുടെ അത്രത്തോളം ജനപിന്തുണ ലഭിച്ചേക്കില്ലെന്ന വിലയിരുത്തലാണ് ഇത്തവണ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നതിലേക്ക് സിപിഎമ്മിനെ എത്തിച്ചത്. 2016 ല്‍ 1196 വോട്ടുകള്‍ക്കും 2021 ല്‍ 1745 വോട്ടുകള്‍ക്കുമാണ് കടന്നപ്പള്ളി കണ്ണൂരിൽ നിന്ന് ജയിച്ചുകയറിയത്.
നിലവിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് എഐസിസി തീരുമാനമുണ്ടെങ്കിലും കണ്ണൂരിൽ ഇക്കാര്യത്തിൽ ഇളവുണ്ടായേക്കും. മണ്ഡലം തിരിച്ചുപിടിക്കാൻ കെ. സുധാകരനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ അനുകൂല നിലപാട് പുലർത്തുന്നുമുണ്ട്. എഐസിസി അംഗീകാരം നൽകിയാൽ കെ. സുധാകരനെ തന്നെ മത്സരത്തിനിറക്കിയേക്കും.
കെ. സുധാകരനല്ലെങ്കിൽ ദീർഘകാലം കണ്ണൂർ എംപിയായിരുന്ന മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മേയർ ടി.ഒ. മോഹനൻ, യുവനേതാവ് റിജിൽ മാക്കുറ്റി, എഐസിസി വക്താവ് ഷമാ മുഹമ്മദ്, മഹിളാകോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ എന്നിവരെ പരിഗണിച്ചേക്കും. എൽഡിഎഫ് സംസ്ഥാനതലത്തിലുള്ള ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും തെരഞ്ഞെടുപ്പ് നേരിടുക. അതേ സമയം ഭരണ പരാജയങ്ങളും മണ്ഡലത്തിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ പോലും ബജറ്റുകളിൽ ഉൾപ്പെടുത്താത്ത കാര്യങ്ങൾ ഉയർത്തിക്കാട്ടിയാകും യുഡിഎഫ് വോട്ടു തേടുക.
ശക്തമായ മത്സരം കാഴ്ചവയ്ക്കാനുള്ള ഒരുക്കമാണ് ബിജെപിയും നടത്തുന്നത്. നേരത്തെ കോൺഗ്രസ് പാളയത്തിൽനിന്ന് ബിജെപിയിലേക്കെത്തിയ ദേശീയ സമിതിയംഗം സി. രഘുനാഥിന്റെ പേര് പ്രഥമ പരിഗണനയിലുണ്ട്. കോൺഗ്രസ് പ്രവർത്തകരുമായി നേരത്തെയുള്ള ബന്ധം തെരഞ്ഞെടുപ്പിൽ രഘുനാഥിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്തിന്റെ പേരും പരിഗണനയിലുണ്ട്.
യുഡിഎഫിന് മേൽക്കൈ
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യുഡിഎഫിനാണ് ആധിപത്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.സുധാകരൻ 26, 030 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ നേടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 8350 വോട്ടിന്റെ ലീഡാണ് ഉള്ളത്. ഇത് യുഡിഎഫ് ക്യാന്പിൽ വലിയൊരു ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, കടന്നപ്പള്ളി രാമചന്ദ്രന്റെ വ്യക്തിപ്രഭാവമാണ് എൽഡിഎഫിന്റെ തുറുപ്പുചീട്ട്.